Sunday, 30 October 2011

കാല് !!! മേശേടെം ...ആന്റുന്റെം...



ഞങ്ങള്‍ സി എല്‍ സി  യില്‍ ഉള്ള എല്ലാവരും ഏറ്റോം ഉറ്റു നോക്കിയിരുന്ന ഒരു ദിവസമാണ് പാവറട്ടി പെരുന്നാള്‍....അന്ന് ഞങ്ങള്‍ ഒക്കെ കൂടെ പള്ളി മുറ്റത്ത്‌  ഒരു സ്ടാള്‍  ഇടും... നാരങ്ങ വെള്ളം.. സോഡാ, സര്‍വത്തു, ഐസ് ക്രീം അങ്ങനെ കൊറേ സംഭവങ്ങള്‍...കര്‍ത്താവു 5 അപ്പം കൊണ്ട് അയ്യായിരം ആള്‍കാരെ കൊണ്ട് തീറ്റിപിച്ചു ഗിന്നെസ്സില്‍ കേറി എങ്കി, ഞങ്ങള്  അഞ്ചു നാരങ്ങ കൊണ്ട്  50 പേര്‍ക്ക് നാരങ്ങ വെള്ളം കൊടുത്തു ലിമ്കയിലും കേറി ഞങ്ങളും മോശക്കാരല്ല എന്നൊക്കെ തെളിയിച്ച ടൈംസ്‌....

ഈ സ്ടാളിന്റെ മെയിന്‍ ഉദേശം എന്താണെന്നു വെച്ചാ...ഇതിന്റെ ലാഭം കൊണ്ട് വേണം വാര്‍ഷിക വിനോദ യാത്ര...പിന്നെ അത്യാവശ്യം കൊറച്ചു കൊള്ളിം (കപ്പ) ബോട്ടീം ......തുടങ്ങിയ സംഭവങ്ങള്‍ സെറ്റ് അപ്പ്‌ ആക്കാന്‍ ....അതുകൊണ്ട് ഞങ്ങക്കൊക്കെ  സ്ടാളിന്റെ പണിക്കു ഒരു പ്രത്യേക താല്പര്യം ആര്‍ന്നു..

അന്ന് വെള്ളിയാഴ്ച ..നമ്മള്‍ സ്ടാളിന്റെ പണി ഒക്കെ തൊടങ്ങി... നാളേം മറ്റന്നാളും ആണ് പെരുന്നാള്‍ ... അപ്പോഴാണ് ഒരു പ്രശ്നം.  ഒരു മേശേടെ കൊറവ് , സാധനങ്ങള്‍ ഒക്കെ വെക്കാനയിട്ടു ...അവസാനം മേശേടെ കാര്യം ഞാന്‍ ഏറ്റു.....മാതാവ് നേരിട്ട് വന്നു അനുഗ്രഹിക്കും എനൊക്കെ അമ്മാമ്മയെ പറഞ്ഞു വിസ്വസിപിച്ചു  വീട്ടിലെ ഒരു മേശ ഒരുവിധം പറഞ്ഞു ഒപ്പിച്ചു  ...

മേശ എന്ന് പറഞ്ഞാല്‍..... ടീപോയ് നെകളും കൊറച്ചു വലിപ്പം ഇണ്ട്..കൊറച്ചു ഉയരോം...അത് സൈക്ലില്‍ കെട്ടി വെച്ച് 2 കിമി അകലെ ഉള്ള പള്ളില്‍ കൊണ്ടോണം...അതേ സൈക്ലില്‍ തന്നെ  മേശ എടുക്കാന്‍ വന്ന എനിക്കും മാര്‍ട്ടിനും ആന്റുനും പോണം...അങ്ങനെ മേശ കാര്യറില്‍ നാല് കാലും മേപ്പോട്ടാക്കി ഒരു വിധം കെട്ടി വെച്ചു. കൊറച്ചു തണ്ടും തടിയും ഉള്ള, നാട്ടിലെ പ്രധാന സൈക്കിള്‍ അഭ്യസിയായ മാര്‍ട്ടിന്‍ സ്വാഭാവികമായും ഡ്രൈവര്‍ സ്ഥാനം ഏറ്റെടുത്തു ....പിന്നെ ഞാനും ആന്റും.. ഒരാള് തണ്ടില്‍ ഇരിക്കണം ...മറ്റേ ആള്‍...പിന്നില്‍ കെട്ടി വെച്ച മേശ്ടെ മോളില്‍..ചമ്രം പടിഞ്ഞു ഇരിക്കണം ..ഇതാണ് പ്ലാന്‍...എനിക്കും ആന്റുനും ബല്കനീല് ഇരിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആ ഭാഗ്യം അവസാനം ആന്റുനു തന്നെ കിട്ടി...

വീട്ടിന്നു പള്ളി വരെ ഉള്ള ദൂരം മൂന്നായി തിരിക്കാം ...ആദ്യം വീടിന്റെ മുന്നിലെ ചെറുയ റോഡു ...അത് വെല്ല്യ പ്രശ്നം ഇല്ല...പിന്നെ കോലിക്ക പാലം തൊട്ടു 
പള്ളി വരെ ഉള്ള മെയിന്‍ റോഡ്‌ അതും പ്രശനം ഇല്ല..ആകെ കൂടെ പ്രശ്നം...ഞങ്ങടെ റോഡിന്റെം മെയിന്‍ റോഡിന്റെം ഇടക്കുള്ള ഒരു 
300 മീറ്റെര്‍, കോഴി തോടിന്റെം...അപ്രത്തെ പാടത്തിന്റെം എടെകൂടെ ഉള്ള  300 മീറ്റെര്‍. ഒരു
 സൈഡില്‍ മുള്ള് വേലി...അപ്പുറത്ത് നമ്മടെ കോഴി തോട്. തോട് ന്നു പറഞ്ഞാല്‍ അത്ര മോശം തോടോന്നും അല്ലാട്ടാ...ഒരു മിനി ലോറി ടെ അത്രേം വീതിം അത്രേം തന്നെ താഴ്ചെം...വീതി ചെലപ്പോ ലേശം കൂടുതലിണ്ടാവും...വെള്ളം മഴകാലത്ത് മാത്രേ ഇണ്ടാവു. വേലിടെം  തോടിന്റെം എടേല് ഒരു രണ്ടു സൈക്ലിനു പോകാനുള്ള വീതി...പാങ്ങ് വഴി വേറെ വഴി ഇണ്ട്..പക്ഷെ ഇത് വഴി പോയാ ഒരു ഒന്നൊന്നര കിമി ലാഭം..അതാണ്‌ ഈ വഴിടെ ഒരു അറ്റ്രാക്ഷന്‍ പിന്നെ ഒരു ത്രില്ലും...

അങ്ങനെ ഞങ്ങള്‍ ഞങ്ങടെ യാത്ര തുടങ്ങി... കെട്ടി വച്ച മേശേടെ മോളില്‍ ഇരുന്നു രണ്ടു കയ്യും മേശേടെ ഓരോ കാലില്‍ പിടിച്ചു....റോട്ടികൂടെ പോവുന്നവോരോക്കെ "ഔസെപേട്ടാ, സഞ്ചിലെന്തുട്ടാ ..പോതെര്ച്ചിയാ? നൊക്കെ വിശേഷം ചോദിച്ചു ഇരികുമ്പോ, ആന്റുനു, അവന്‍ കുതിര വന്ടിലിരിക്കണ
രാജകുമാരനും ഞങ്ങള്‍ രണ്ടാളും അവന്റെ കുതിരകളും ആണെന്നുള്ള ഒരു ഭാവം ആര്‍ന്നുന്നു എനിക്ക് തോന്നി.....മുഖം കണ്ടിട്ട് മാര്‍ട്ടിനും അങ്ങനെ തോന്നിന്നാ തോന്നണത്...  എന്തായാലും എനിക്ക് തോന്നി..

പ്രശ്നങ്ങള്‍ ഒന്നും ഇല്ലാണ്ടന്നെ  ആദ്യത്തെ ഘട്ടം ഈസി ആയി തരണം ചെയ്തു.....ഞങ്ങള്‍ അതി നിര്‍ണായകമായ ആ 300 മീറ്റെരിന്റെ അവിടെ എത്തി... ആന്റുന്റെ നിര്‍ദേശ പ്രകാരം മാര്‍ട്ടിന്‍ സൈക്കിള്‍ നിര്‍ത്തി.. കൊറേ നേരം രാജാവായി ഇരുന്നതുകൊണ്ടാണോ എന്നറിഞ്ഞൂടാ അവന്റെ സംസാരത്തിനൊക്കെ ഒരു രാജാ പാര്‍ട്ട്‌ ചുവ  ഇണ്ടാര്‍ന്നു ..."ഡാ മാര്ട്ട്യെ ...ഇനി നിന്റെ ഒരു ചോടും വളരെ ശ്രദിച്ചു വേണം...നിനക്കറിയാലോ സി എല്‍ സി ടെ അടുത്ത ഒരു കൊല്ലം മുഴുവന്‍ നിന്റെ കയിലാ...അടുത്ത കൊല്ലത്ത ടൂറിന്റെ നീളോം കപ്പേം ബോട്ടിടെം എന്ണോം ഒക്കെ നിന്റെ കഴിവുപോലിരിക്കും ...അതുകൊണ്ട് നിന്റെ ശ്രദ്ധ പതറരുത്..." എന്ന്  സര്‍ ആന്റു വിന്‍സ്ടന്‍ ചര്‍ച്ചില്‍.  ഇതിനു മറുപടി ആയി "എനിക്കറിയാട .....എല്ലാം എന്റെ കയില്ലാ
എന്ന് എനിക്കറിയാം ...എല്ലാം ഞാന്‍ നോക്കികോളം" എന്ന് മാര്‍ട്ടിന്‍ ...

വല്ല്യ വല്ല്യ കാര്യങ്ങള്‍ പറയാനും കേട്ടാല്‍ മനസില്ലക്കാനും അന്നും ഇന്നും കഴിവില്ലാത്തവനായ ഞാന്‍ ടെന്നീസ് കളി കാണാന്‍ ഗ്രൗണ്ടില്‍ ഇരിക്കുന്നോരു  ബോളിന്റെ ഒപ്പം തല അങ്ങോട്ടും ഇങ്ങോട്ടും തിരിക്കണ മാരി,  തല കൊറച്ചു പൊക്കി, വായ കൊറച്ചു പൊളിച്ചു , രണ്ടു പേരുടെം മോന്തക്ക്  ഞാന്‍ മാറി മാറി നോക്കി...അവരടെ പ്ലാനിങ്ങിനെ പറ്റിം ആത്മാര്‍ത്ഥതയെ പറ്റിം ആത്മ വിശ്വാസത്തെ പറ്റിം ഒക്കെ ആലോചിച്ചപ്പോ അവരെ കുറിച്ചും ..ഇത്രയും വല്യ ഒരു  യജ്ഞത്തില്‍ ഭാഗമായല്ലോ എന്ന് ഓര്‍ത്തു എന്നെ കുറിച്ചും എനിക്ക് അഭിമാനം തോന്നി..(എന്നെ പറ്റി എനിക്കങ്ങനെ തോന്നിയ വളരെ അപൂര്‍വ്വം നിമിഷങ്ങളില്‍ ഒന്ന് )

അങ്ങനെ ഞങ്ങള്‍ മിഷ്യന്‍ തൊടങ്ങി...ഒരു 30 മീറ്റര്‍ പോയി കാണും...ഫ്രന്റ്‌ ചക്രം പൂഴില് താണ്‌ വണ്ടിടെ ഹേന്ടില്‍ വെട്ടി..വണ്ടി വലത്തോട്ട്, കോഴിതോടിന്റെ  ഭാഗതോട്ടു ചരിഞ്ഞു..മാര്‍ട്ടിന്‍ അവന്റെ സര്‍വ ശക്തി എടുത്തു കാലു കുത്തി വണ്ടി നിര്‍ത്തിയെങ്കിലും, മേശേടെ കെട്ടഴിഞ്ഞു മേശേം, അതിന്റെ മോളിലെ ആന്റും സ്ലോ 
മോഷനില്‍, അത്യാവശ്യം കൊറച്ചു സൌണ്ട് എഫ്ഫക്റ്റ്‌ ഒക്കെ ഡോള്ബയില്‍ കൊടുത്ത്,  കോഴി തോട്ടിലേക്ക് വീണു, ...വീഴ്ചെടെ തൊടക്കത്തില്‍ ആന്റു മേശേടെ പൊറത്ത് തന്നെ ആയിരുന്നെങ്കിലും  ഇടക്കെപോഴോ അവര് പൊസിഷന്‍ മാറ്റിന്നു തോന്നുന്നു ..ഞങ്ങള് നോക്കുമ്പോ കണ്ടത് തോട്ടില് മേശ ആന്റുന്റെ മോളില്‍ കെടക്കുന്നതാ...

രണ്ടിനേം ഒരു വിധം പൊക്കി എടുത്തു ഞങ്ങള്‍ മോളില് എത്തി...മേശേടെ ഒരു കാല് എടുക്കാന്‍ എനിക്ക് വീണ്ടും തോട്ടില്‍ ഇറങ്ങേണ്ടി വന്നു. മേശേം അതിന്ടെ വേറിട്ട കാലും നോക്കി വെഷമിച്ചു തടിക്കു കയ്യും കൊടുത്തു നിന്ന ഞങ്ങടെ ശ്രദ്ധ അതില്‍ നിന്ന് മാറ്റിത് ആന്റുന്റെ അലര്‍ച്ച ആയിരുന്നു..
"എടാ പട്ടികളെ...4 കാലുള്ള മേശേടെ കലോടിഞ്ഞതിനാ അല്ലേട നെനക്കൊക്കെ വെഷമം അല്ലാണ്ട്  2 കാലു മാത്രം ഉള്ള എന്റെ ഓടിഞ്ഞെനല്ലല്ലെ  .."
നോകുമ്പോ നേരാ ...ഒരു കാലിന്റെ മുട്ടിനു താഴെ റബ്ബര്‍ പന്തിന്റെ വലിപത്തില്‍ ഒരു മൊഴ..   ആ കാലാണെങ്കില്‍ പ്രേതങ്ങളുടെ കാലു മാരി.. ഭൂമില് തൊടുന്നില്ല!!  

അങ്ങനെ ആന്റുനെ സൈക്ലിന്റെ തണ്ടില്‍ ഇരുത്തി ..മൂന്നു കാലുള്ള മേശ സൈക്ലില്‍ കെട്ടി വെച്ച് ..മെല്ലെ.. സൈക്കിള്‍ തള്ളി ഞങ്ങള്‍ ആന്റുന്റെ വീടിനെ ഉന്നം വെച്ച് നടന്നു- മേശേടെ ഒടിഞ്ഞ കാലു എന്റെ കയ്യിലും..ആന്റുന്റെ ഒടിഞ്ഞ കാലു അവന്റെ തന്നെ കയ്യിലും..വര്‍ക്കിംഗ്‌ കണ്ടിഷന്‍ ആയ 10 കാലും ആയി പോയ ഞങ്ങള്‍ അത് 8 ആയി കൊറഞ്ഞ വെഷമത്തില് ആന്റുന്റെ വീട്ടില്‍ എത്തുമ്പോ അവന്റെ അമ്മ വീടിന്ടെ ഉമ്മറത്ത്‌ തന്നെ ഇണ്ട് .....ആന്റുന്റെ അമ്മയോട് മാര്‍ട്ടിന്‍..

"ചെട്ത്യരെ .. കാലൊടിഞ്ഞു ..."
"അത് ഞാന്‍ കണ്ടു...ആ രാമനുണ്ണി ആശരിടെ വീടിലേക്ക്‌ പോടാ..അയാള് ശെരി ആക്കി തരും..."
"മേശേടെ അല്ല "
"പിന്നെ"
"ആ...ആ...ആന്റുന്റെ ..." മാര്‍ട്ടിന്റെ ആ വാചകത്തില്‍ മാത്രം കൊറച്ചു വിക്കിപീഡിയ ഇണ്ടാര്‍ന്നു...

ആന്റുനെ  ഒന്ന് അടിമുടി നോക്കി..ചെട്ത്യാര് "ദാ ഇങ്ങോട്ട് ഒന്ന് നോക്ക്യേ" എന്ന് അകതോട്ടു വിളിച്ചു പറഞ്ഞു , തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു കൊടുത്തു...തേര്‍ഡ് അമ്പയരിന്റെ തീരുമാനം ഏകദേശം അറിയാമായിരുന്ന ഞങ്ങള്‍ പിന്നെ നിന്നില്ല, തിരിച്ചു നടന്നു, ബാറ്റ്സ്മാനും, മെയിന്‍ അമ്പയറും പവലിയനിലെക്കും. ഞങ്ങള്‍ പടി ഇറങ്ങുമ്പോ, ആന്റുന്റെ അന്നത്തെ സെക്കന്റ്‌ അലര്‍ച്ച "എന്നെ തല്ലല്ലേ അപ്പാ..ഇനി ഞാന്‍ കാലോടിക്കില്ലെ....    ...എക്സിട്ര... എക്സിട്ര ... "  അത്  കേട്ടപ്പോ തേര്‍ഡ് അമ്പയര്‍, ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ തന്നെ, ഔട്ട്‌ വിളിച്ചു  എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി..എങ്കിലും ഞങ്ങള്‍ പരസ്പരം ഒന്നും പറഞ്ഞില്ല...ഒന്ന് നോക്ക്യേ  പോലും ഇല്ല...കാരണം ഞങ്ങള്‍ കാരണം കലോടിഞ്ഞല്ലോ എന്ന് കുറ്റബോധം ആയിരുന്നു മനസ്സ് മുഴുവന്‍...ഐ മീന്‍ ...ആന്റുന്റെ  അല്ല... മേശേടെ...

 മേശേടെ കാലു ശെരി ആക്കാന്‍ 25 ഉറുപ്പ്യ ..ആന്റുന്റെ ശെരി ആക്കാന്‍ 300 ഉറുപ്പ്യ... രണ്ടും കൂടെ ഒരുമിചൊടിഞ്ഞാല്‍, ആ ദിവസം പ്രൈസ്ലെസ്സ്.....    


 \      
      

9 comments:

  1. sambavam COLOUR aayittundutttttaa

    ReplyDelete
  2. Ater making us lauch and think for years, now you have decided to scribble it down. I can see that you are just warming up coz this is only 25% of your true self.Keep it going .great job.

    ReplyDelete
  3. Ater making us laugh and think for years, now you have decided to scribble it down. I can see that you are just warming up coz this is only 25% of your true self.Keep it going .great job.

    ReplyDelete
  4. good work man... why can't you start working on a book (may be a series of them)... lets put a competition to Chetan Bhagat...

    ReplyDelete
  5. Kiran,aswadhichu thanne vayichu...very nice.. pinne profile le elima kurachu arbhadamalle!!!

    Smitha(Class 1996)

    ReplyDelete
  6. aliyaaa engene sadhichu...

    ReplyDelete
  7. elllavarkkum nandi...
    ee comments okke njaan kayyum kalum pidichu paranju ideepichathaanu ennu aarkkum thonnukayee illaa...
    @smitha..njaan oru aarbadapriyanaane ;)

    ReplyDelete
  8. Priceless...joraayittind... Adutha kadha eppazha polikkunne.. Thomas

    ReplyDelete